ജലനിരപ്പ് കൂടുന്നു; മുല്ലപ്പെരിയാർ അണക്കെട്ട് 1.30ന് തുറന്നുവിടും

0
61

തൊടുപുഴ∙ മുല്ലപ്പെരിയാർ അണക്കെട്ട് പുലർച്ചെ 1.30ന് തുറന്നുവിടും. 14 ന് രാത്രി 11.30നുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് 139 അടിയായി. നീരൊഴുക്ക് 23,200 ക്യുസെക്സ് ആണ്. ഡാം തുറക്കുന്നതിനു മുന്നോടിയായി രാത്രി വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നൽകി. സെക്കൻഡിൽ 11,500 ഘനയടിയായിരുന്നു നേരത്തെയുള്ള നീരൊഴുക്ക്.

ഡാം തുറക്കുന്ന കാര്യത്തിൽ തമിഴ്നാട് സർക്കാരാണ് അന്തിമതീരുമാനമെടുത്തത്. അണക്കെട്ട് തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇതിനിടെ മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് 1,250 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. നാലായിരത്തോളം പേരെയാണ് ക്യാംപുകളിലേക്കു മാറ്റുന്നത്. ചപ്പാത്തിൽ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. സ്ഥിതി വിലയിരുത്താൻ മുല്ലപ്പെരിയാർ സമിതി ബുധനാഴ്ച ഡാമിലെത്തും.

നീരൊഴുക്ക് വർധിക്കുന്നതിനാൽ ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മിഷണർ അറിയിച്ചതായി ചീഫ് സെക്രട്ടറി ടോം ജോസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ചെറുതോണിയില്‍ നിന്നു വർധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍, പെരിയാര്‍ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കലക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാംപുകളിലേക്ക് ഒഴിഞ്ഞുപോകണമെന്നും പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും ചീഫ് സെക്രട്ടറി അഭ്യർഥിച്ചു.

ജലനിരപ്പു കൂടുന്ന സാഹചര്യത്തിൽ രാത്രി ഒൻപതിനുശേഷം മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു വിട്ടു നിയന്ത്രിതമായ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉണ്ടെന്ന് ഇടുക്കി ജില്ലാ കലക്ടർ ജീവൻ ബാബു അറിയിച്ചിരുന്നു. സുരക്ഷ മുൻനിർത്തി മുല്ലപ്പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒൻപതിനു മുൻപായി മാറി താമസിക്കണമെന്നും കലക്ടർ നിർദേശിച്ചു. കഴിഞ്ഞ വർഷം നവംബർ 30 ന് ഒറ്റരാത്രികൊണ്ട് ആറര അടി വെള്ളം ഉയർന്ന അണക്കെട്ടാണു മുല്ലപ്പെരിയാർ. ജലം നിറഞ്ഞുകിടക്കുന്ന വിസ്തൃതമായ പ്രദേശം കുറവായതിനാൽ ഒഴുകിയെത്തുന്ന വെള്ളം പെട്ടെന്നു കവിയുന്ന സ്വഭാവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

five × 1 =