കേരളത്തിന് 100 കോടി കേന്ദ്രസഹായം; കൂടുതൽ തുക അനുവദിക്കുമെന്ന് രാജ്നാഥ് സിങ്

0
19
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൊച്ചിയിൽ എത്തിയപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവർ സമീപം.

കൊച്ചി∙ കേരളത്തിന് അടിയന്തര സഹായമായി 100 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. കൂടുതൽ തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കേരളത്തിലെ മഴക്കെടുതി ഗുരുതരമാണ്. കേന്ദ്രത്തിന്റെ എല്ലാ സഹായവും കേരളത്തിനു വാഗ്ദാനം ചെയ്യുകയാണ്. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പ്രശ്നത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്കൊപ്പം സർ‌ക്കാരുണ്ടെന്ന് കേന്ദ്രമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളക്കെട്ട് നേരിട്ടതുപോലെ വെള്ളം ഇറങ്ങിയ ശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനു നിവേദനം നല്‍കി. അടിയന്തര ആശ്വാസമായി 1,220 കോടി രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കണം. 8,316 കോടിയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക കണക്ക്. കേരളം നേരിടുന്നത് 1924നു ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ്. നഷ്ടം വിലയിരുത്താന്‍ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രളയദുരിതം നേരിട്ടറിയാൻ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കേരളത്തില്‍‌ സന്ദർശനം നടത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം ഹെലികോപ്റ്ററിൽ ഇടുക്കി, ചെറുതോണി ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ വീക്ഷിച്ചു. തുടർന്ന് ഇളന്തിക്കര ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു.

 

ഹെലികോപ്ടറിൽ ഇരുന്ന് പ്രളയബാധിത പ്രദേശങ്ങൾ നിരീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവർ സമീപം.

 

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ, ഡിജിപി ലോക്നാഥ് ബെഹ്റ, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫീറുള്ള, ഐജി വിജയ് സാക്കറെ, റൂറൽ എസ്പി രാഹുൽ ആർ.നായർ എന്നിവർ ചേർന്നു കേന്ദ്രമന്ത്രിയെ സ്വീകരിച്ചു. വിഐപി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി.എസ്.സുനിൽകുമാർ, മാത്യു ടി.തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. കേന്ദ്രസഹമന്ത്രി അൽഫോൻസ് കണ്ണന്താനവും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

9 − 5 =